കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യന് ഷോക്കേറ്റ് ദാരുണാന്ത്യം. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി ക്രമീകരണം നടത്തുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്.
ആലുവയ്ക്കടുത്ത് ഇടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്തായിരുന്നു അപകടം. ഉയർന്ന സ്ഥലത്ത് വച്ച് ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടയിൽ വിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയല്ല, ഗുരുതരമായി ഷോക്കേറ്റത് തന്നെയാണ് മരണകാരണമെന്നാണ് വിവരം.
അപകടത്തിനു പിന്നാലെ വിഷ്ണുവിനെ എറണാകുളത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് നിവിൻ പോളി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.






