കണ്ണൂർ: കേരളത്തിൽ മുസ്ലീം വർഗീയതയും സജീവമാണ്, തൃക്കരിപ്പൂർ അതിന് തെളിവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സി എച്ച് പാലിയേറ്റീവ് കെയറിൻ്റെ ഓഫീസിൽ യോഗം ചേർന്ന് ലീഗ് നേതാവ് വിപിപി മുസ്തഫക്ക് സ്വീകാര്യത കിട്ടുന്നതിനെതിരെ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചതെന്നും പി ജയരാജൻ വിമർശിച്ചു. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചിട്ട് പോലും പള്ളിയിൽ പോയില്ല എന്ന് വീടുകളിൽ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോൽവിക്ക് കാരണമായി. പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത്.
ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ഈ പ്രതികരണത്തിൽ എനിക്കെതിരെ മുസ്ലീം ലീഗ് കേസ് കൊടുക്ക്. നഗ്നമായ വർഗീയത പ്രചരിപ്പിച്ചു. മതവികാരം ഇളക്കി വിട്ടു. വർഗീയതയുടെ ആനുകൂല്യം പറ്റിയാണ് തൃക്കരിപ്പൂരിൽ സി പി ഐ എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. യാഥാർത്ഥ്യം പറയുമ്പോൾ ചൊടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




