കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. അബ്ദുൽ റഷീദിനെ കാണാതായ സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
രാവിലെ ആറരയോടെ വീട്ടിൽ നിന്ന് മകളുമായി ബൈക്കിൽ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹം ജോലി സ്ഥലമായ മുക്കം സ്റ്റേഷനിലോ തിരികെ വീട്ടിലോ എത്തിയിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ തച്ചംപോയിൽ വരെ റഷീദ് ബൈക്കിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന് ശേഷം അദ്ദേഹം എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റഷീദിന്റെ ഫോൺ ലൊക്കേഷൻ മൈസൂരിൽ ലഭിച്ചതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പൊലീസിന്റെ പ്രത്യേക സംഘം മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

















































