മലപ്പുറം: ആക്രമിക്കാന്‍ ആളെ കിട്ടാതെയാകുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ഭീകരമായി ആക്രമിക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നതെന്നും, സിദ്ധാര്‍ഥന്റെ മരണത്തില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍. എസ്എഫ്‌ഐ ഓഫീസില്‍ വെച്ച് ജില്ലാ നേതാവ് മര്‍ദിച്ചുവെന്ന് എസ്എഫ്‌ഐ ഭാരവാഹി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണമെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും എംഎസ്എഫ് അധ്യക്ഷന്‍ പറഞ്ഞു. വയനാട്ടിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ തമ്മിലടിക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണം. എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്. വയനാട്ടില്‍ എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയായ സായന്തിനെതിരെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ക്രൂരമായ മര്‍ദനമുണ്ടായ സംഭവം ഇതിനുദാഹരണം.
ഇതിന് മുന്‍പും എസ്എഫ്‌ഐ സ്വന്തം പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചിട്ടുണ്ട്. സിദ്ധാര്‍ഥന് ഉണ്ടായതുപോലെയുള്ള ഭീഷണികളാണ് സായന്തിന് നേരെയും ഉണ്ടാകുന്നത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട എസ്എഫ്‌ഐ നേതൃത്വത്തിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും ഷറഫുദ്ദീന്‍ പിലാക്കല്‍ പറഞ്ഞു. എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി ആദര്‍ശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടേയും നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്‍റ് സെക്രട്ടറി സായന്ത് കഴിഞ്ഞ ദിവസമാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവം കഴിഞ്ഞ് 19 ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും സായന്ത് ആരോപിച്ചു.
താനിട്ട എഫ്ബി പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും, പൂക്കോട് വെറ്ററിനറി കോളജില്‍ മരണപ്പെട്ട സിദ്ധാര്‍ഥിന്റെ ഗതി വരുമോയെന്ന് ആശങ്കയുണ്ടെന്നും സായന്ത് പറഞ്ഞു. ഇതിനിടെ സായന്തിനെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെയാണ് എംഎസ്എഫ് നേതാക്കളുടെ പ്രതികരണം. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എംഎസ്എഫ്, കെഎസ് യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ ആസൂത്രിതമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഹെൽമറ്റും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എംഎസ്എഫ് ആരോപിച്ചു. എംഎസ്എഫിനെതിരെയുള്ള സൈബർ ആക്രമണങ്ങളെയും ഭീഷണികളെയും കുറിച്ചും, എസ്എഫ്ഐ ഓഫീസിനുള്ളിൽ സ്വന്തം പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണമെന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.