കണ്ണൂർ: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ ദേഹത്തേക്ക് സീലിങ് തകർത്ത് ഉടുമ്പ് വീണു. കണ്ണൂർ തലശ്ശേരിക്കു സമീപം മഞ്ഞോടിയിലാണ് സംഭവം. വീട്ടിൽ തനിച്ചുതാമസിക്കുന്ന 85കാരിയായ ജാനകിക്കാണ് പരിക്കേറ്റത്.
ഉറക്കത്തിനിടെ സീലിങ്ങിന്റെ ഭാഗം തകർത്താണ് ഉടുമ്പ് ജാനകിയുടെ ദേഹത്തേക്ക് പതിച്ചത്. കട്ടിലിനു മുകളിൽ സ്ഥാപിച്ചിരുന്ന കൊതുകുവലയിൽ തട്ടിയശേഷം താഴേക്കു വീഴുകയായിരുന്നു. സംഭവത്തിൽ ജാനകിയുടെ ദേഹമാസകലം പരിക്കേറ്റു. ഉടുമ്പ് വീടിനുള്ളിലെ നിരവധി ഉപകരണങ്ങളും തകർത്തു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി ഇത്തരത്തിൽ നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.