സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ പെട്ടിക്കുള്ളിലാക്കി ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ 25കാരൻ മൈക്കൽ കോമറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവാ ഷാർപ് എന്ന കുഞ്ഞിനെയാണ് പിതാവ് ജീവനോടെ കുഴിച്ചിട്ടതെന്നാണ് അധികൃതർ പറയുന്നത്. ഏകദേശം 24 മണിക്കൂറോളം മണ്ണിനടിയിൽ കഴിഞ്ഞ കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയിലാണ് രക്ഷപ്പെടുത്തിയത്.
ലെക്സിങ്ടൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റിന്റെ വിവരമനുസരിച്ച്, തിങ്കളാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ പിതാവായ മൈക്കൽ കോമർ അമ്മയുടെ വീട്ടിൽനിന്ന് കൊണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മോഷണവുമായി ബന്ധപ്പെട്ട കേസിൽ കോമറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുഞ്ഞ് ഇയാളുടെ കൂടെയുണ്ടായിരുന്നില്ല.
തുടർന്ന് കുഞ്ഞിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഏകദേശം 100 പോലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ തിരച്ചിലിൽ പങ്കെടുത്തു. കുഞ്ഞിനെ എവിടെയാണ് ഉപേക്ഷിച്ചതെന്ന് കോമറിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ലെക്സിങ്ടൺ കൗണ്ടി ഷെരീഫ് ജെയ് കൂൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോമറിന്റെ പിതാവിന്റെ വീടിന് സമീപമുള്ള വനപ്രദേശത്താണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. ഇതിനിടെ മണ്ണ് അടുത്തിടെ ഇളക്കിമറിച്ചതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ശബ്ദമായിരുന്നുവെന്ന് ഷെരീഫ് ജെയ് കൂൺ പറഞ്ഞു. കുഞ്ഞിനെ എത്രയും വേഗം പുറത്തെടുക്കാൻ എല്ലാവരും ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം രണ്ടടി നീളവും രണ്ടടി വീതിയുമുള്ള നായ്ക്കൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കൂടിനുള്ളിലായിരുന്നു കുഞ്ഞിനെ അടച്ചിരുന്നത്. ഈ കൂട് ഒരു തൂവാലകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. കൂടിനുള്ളിൽ ആവശ്യത്തിന് വായു ലഭിച്ചതിനാലാകാം ഇത്രയും സമയം കുഞ്ഞിന് ജീവനോടെ തുടരാനായതെന്നാണ് ഷെരീഫിന്റെ പ്രാഥമിക നിഗമനം. കൂടാതെ, അന്തരീക്ഷത്തിലെ തണുപ്പും കുഞ്ഞ് അമിതമായി ചൂടാകുന്നത് തടയാൻ സഹായിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന കൂടിന് മുകളിൽ ഏകദേശം ഒരടി മണ്ണുണ്ടായിരുന്നുവെന്നാണ് ഷെരീഫ് വിശദീകരിച്ചത്. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂർണമായി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞിന്റെ പിതാവിനെതിരെ നിലവിൽ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നതിനുള്ള നടപടികൾ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കൾ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷെരീഫ് വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു. കോമർ നേരത്തെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റം സമ്മതിച്ചിട്ടുള്ളതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
കോമറിന്റെ മാതാവ് പട്രീഷ്യ കോമർ എൻബിസി ന്യൂസിനോട് പറഞ്ഞതനുസരിച്ച്, കുഞ്ഞിന്റെ പൂർണ സംരക്ഷണാവകാശം അമ്മയ്ക്കായിരുന്നു. എന്നാൽ, മകൻ കുഞ്ഞിനെ നോക്കുമ്പോൾ താനും മേൽനോട്ടം വഹിക്കാൻ അനുവദിച്ചിരുന്നു. ഇതിനു മുമ്പും മകൻ കുഞ്ഞിനെ തനിച്ച് നോക്കിയിട്ടുണ്ടെന്നും അന്നൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. “സത്യത്തിൽ ഞാൻ അവന്റെ അമ്മയാണ്. അവനിൽനിന്ന് ഇത്തരമൊരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” പട്രീഷ്യ കോമർ പ്രതികരിച്ചു.