തിരുവനന്തപുരം: സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാനത്ത് കർശന പരിശോധന നടത്താൻ നിർദേശം നൽകിയതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലൈസൻസില്ലാതെ ബോർഡ് മാത്രം സ്ഥാപിച്ച് പ്രവർത്തിക്കുന്ന സ്പാകളും പരിശോധിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്പാകളുടെ മറവിൽ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റുകളും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കും. കൊച്ചിയിലാണ് ഇത്തരം സംഘങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നതെന്നാണ് വിവരം. എന്നാൽ മറ്റ് സ്ഥലങ്ങളിലും സമാനമായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കളമശേരിയിലെ സ്പായിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന സ്പാകൾ ഉൾപ്പെടെ പരിശോധിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് നിർദേശം.
അതേസമയം, കളമശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം പ്രതികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു.
ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്യും.





