ആലപ്പുഴ: സ്വന്തം നിയോജക മണ്ഡലമായ കായംകുളത്തെ പരിപാടികളിൽ എസ്കോർട്ടും പൈലറ്റും ഉൾപ്പെടെയുള്ള പൊലീസ് സുരക്ഷ ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം. ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികൾക്ക് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ താൻ തന്നെ നോക്കിക്കൊള്ളാമെന്നും മന്ത്രി പൊലീസിനെ അറിയിച്ചതായാണ് വിവരം.
അടുത്തിടെ ആലപ്പുഴയിൽ മന്ത്രിക്കുനേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മന്ത്രി എത്തുന്നതിനിടെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കായംകുളത്തും മന്ത്രിക്കുനേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.




