തൃശൂർ: മാധ്യമപ്രവർത്തന രംഗത്ത് അടുത്തകാലത്തുണ്ടായ മാറ്റങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന രീതിയുണ്ടായിരുന്നെങ്കിലും ഇന്നത്തെ മാധ്യമരംഗത്ത് അത് കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാതെ വിശ്വസിക്കുന്ന സാഹചര്യമാണുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി. തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുശൗചാലയങ്ങളിൽ തെറി എഴുതിയിരുന്ന രീതിയിലാണ് ചിലർ ഇന്ന് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്ന് സതീശൻ വിമർശിച്ചു. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണതകൾ മാധ്യമപ്രവർത്തനത്തെയും ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാരണവശാലും സമൂഹമാധ്യമങ്ങളുടെ തരംതാണ നിലവാരത്തിലേക്ക് പോകരുതെന്നും സതീശൻ പറഞ്ഞു. സർക്കാരിനെയും മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാക്കളെയും ശക്തമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്കുണ്ട്. എന്നാൽ വിമർശനത്തിനും മാധ്യമപ്രവർത്തനത്തിലെ ഉത്തരവാദിത്തത്തിനും പരിധികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്നലെ പെയ്ത മഴയിൽ മുളച്ച ചിലർ’ അൺഎത്തിക്കലായ മാധ്യമപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അത്തരക്കാർ അവരുടെ വഴിക്ക് പോകട്ടെയെന്നും സതീശൻ പറഞ്ഞു. പാരമ്പര്യമുള്ള പ്രധാന മാധ്യമങ്ങൾ റേറ്റിങ്ങിന് പിന്നാലെ പോകാതെ ഉത്തരവാദിത്തമുള്ള നിലപാട് തുടരണം. തരംതാണ ശൈലിയാണ് യഥാർഥ മാധ്യമപ്രവർത്തനമെന്ന് പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ പരാമർശങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവെക്കുമെന്ന് അറിയാമെന്നും എന്നാൽ ഇത്തരം ആരോഗ്യകരമായ ചർച്ചകൾ മാധ്യമരംഗത്ത് ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.




