മുംബൈ: ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം. റിയാലിറ്റി ഷോയായ ബിഗ് ബോസ് 20യുടെ പുതിയ എപ്പിസോഡിലാണ് ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്ന് മേരി കോം വെളിപ്പെടുത്തിയത്. പിഞ്ചുകുഞ്ഞുങ്ങളെ ഓർത്താണ് ആ സമയത്ത് ജീവിതവുമായി മുന്നോട്ടുപോയതെന്നും മേരി പറഞ്ഞു.
വ്യക്തിപരമായ പ്രതിസന്ധികളും ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളും ചർച്ച ചെയ്യുന്നതിനിടെയാണ് ഇഷ റിഖി, രിതി തിവാരി, ആംറപാലി ദുബെ, കനിക മാൻ എന്നിവരോട് മേരി കോം തന്റെ അനുഭവം പങ്കുവച്ചത്. ബോക്സിങ് റിങ്ങിലെ കരുത്തിന് പേരുകേട്ട താൻ പോലും തികച്ചും അശക്തയായി തോന്നിയ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് മേരി പറഞ്ഞു.
“ഞാൻ വളരെ ശക്തയാണ്. എന്നാൽ ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല. ഞാൻ തകർന്നുപോയി. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. എന്റെ ജീവിതം അവസാനിപ്പിക്കണമെന്ന് പോലും തോന്നി. എന്നാൽ എന്റെ കുട്ടികൾക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത്. അന്ന് അവർ വളരെ ചെറുതായിരുന്നു. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ കരച്ചിൽ വന്നാലും പുറത്തുകാണിക്കാറില്ല,” മേരി കോം പറഞ്ഞു.
ചെറിയ പ്രായം മുതൽ തന്നെ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അവയെ അതിജീവിക്കുന്നത് തന്റെ ജീവിതത്തിലെ തുടർച്ചയായ പോരാട്ടമാണെന്നും മേരി വ്യക്തമാക്കി. കുടുംബത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ബോക്സിങ്ങിനോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും മേരി കോം സംസാരിച്ചു. കൂടുതൽ മെഡലുകൾ നേടണമെന്ന ആഗ്രഹം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും എന്നാൽ പ്രായം കാരണം ഇനി മത്സരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
മണിപ്പൂരിൽ ജനിച്ചുവളർന്ന മേരി കോം ആറ് തവണ ലോക ബോക്സിങ് ചാമ്പ്യനായിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും സ്വന്തമാക്കി. 2005ൽ ഓൺലറെ വിവാഹം കഴിച്ച മേരി കോമും ഓൺലറും പിന്നീട് വേർപിരിഞ്ഞിരുന്നു. ഇരുവർക്കും നാല് മക്കളുണ്ട്.




