ചെന്നൈ: ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ചെന്നൈയിൽ 70 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇതിന് 700 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐസ്ക്രീം വാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മാധവവരത്തെ ഐസ് ഫാക്ടറിക്ക് സമീപം ഐസ് കയറ്റാൻ നിർത്തിയിട്ടിരുന്ന വാഹനം ഡി.ആർ.ഐ സംഘം തടയുകയായിരുന്നു.
ഫ്രീസറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പൊതികൾ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചെന്നൈയിൽ താമസക്കാരും തെക്കൻ തമിഴ്നാട് സ്വദേശികളുമായ അബ്ദുൾ ശുക്കൂർ, ഷഫീഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ആലന്തൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിനായി അജ്ഞാതരായ ചിലർ തങ്ങളെ ഈ സാധനങ്ങൾ ഏൽപ്പിച്ചതാണെന്ന് പിടിയിലായവർ അറിയിച്ചു. ലഹരി വസ്തുക്കൾ എവിടെ നിന്നാണ് വന്നതെന്നും, എവിടേക്കാണ് കൊണ്ടുപോകാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡിആർഐ അറിയിച്ചു.