ചെന്നൈ: കാമുകിക്ക് വീട് നിർമിച്ചുനൽകാൻ വേണ്ടിയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടത്തിയതെന്ന് പോലീസ്. കേസിലെ മുഖ്യപ്രതിയായ ടാക്സി ഡ്രൈവർ നിഷാന്ത് സുഹൃത്തായ മീനാക്ഷിക്കുവേണ്ടിയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ. മോഷണത്തിന്റെ ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. നിഷാന്തിനായി തിരച്ചിൽ തുടരുകയാണ്. ഇയാളുടെ ഫോൺ അവസാനമായി പ്രവർത്തനക്ഷമമായത് തിരുപ്പൂരിലാണെന്നും അന്വേഷണസംഘം കണ്ടെത്തി.
അതിനിടെ, കേസിൽ അറസ്റ്റിലായ മീനാക്ഷി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. നാം തമിഴർ കക്ഷി നേതാവ് ദുരൈമുരുകനും പ്രതിപക്ഷ അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ടിവികെ പതാകയുമായി മീനാക്ഷി നിൽക്കുന്ന ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രചാരണം വ്യാജമാണെന്ന് ടിവികെ പ്രതികരിച്ചു. ചിത്രം മോർഫ് ചെയ്തതാണെന്നും വ്യാജപ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മീനാക്ഷി ഉൾപ്പെടെ രണ്ടുപേരാണ് നിലവിൽ കേസിൽ അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതിയായ നിഷാന്തിന്റെ അച്ഛനെയും പോലീസ് പിടികൂടിയിരുന്നു. മോഷണത്തെക്കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുവരെ അഞ്ചു കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്.
മോഷണം നടന്ന വ്യാഴാഴ്ച പുലർച്ചെ 3.34-ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഇരുചക്രവാഹനത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വാഹനം നഗരത്തിന് പുറത്തേക്ക് പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെ പ്രതി പ്രദേശവാസിയാകാമെന്ന സംശയം ബലപ്പെട്ടു. ഇതിനിടെയാണ് നിഷാന്ത് മങ്കി ക്യാപ് ധരിച്ച് തുടർച്ചയായി മൂന്നുദിവസം ജ്വല്ലറിയിലെത്തിയതിന്റെയും ആഭരണങ്ങൾ കൈയിലെടുത്ത് പരിശോധിച്ചതിന്റെയും ദൃശ്യങ്ങൾ ലഭിച്ചത്.
ഇന്നലെ രാത്രി നിഷാന്തിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ ചെന്നൈയിലേക്ക് പോയെന്നായിരുന്നു വീട്ടുകാരുടെ മറുപടി. നിഷാന്തും അച്ഛനും ഓട്ടോറിക്ഷയിലെത്തി വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. നിഷാന്തിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾക്കായി ഹൈദരാബാദ്, ബെംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ജ്വല്ലറിയിൽനിന്ന് 42 കിലോ സ്വർണം കവർന്നെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഏകദേശം 20 കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോയിൽ കുടുങ്ങി; നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടിയുടെ നഷ്ടം