തിരുവനന്തപുരം: ബാറുകളിൽ മദ്യം നൽകുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയായ 23 വയസ്സ് കർശനമായി പാലിക്കണമെന്നും സംസ്ഥാനത്തെ ബാർ ലൈസൻസുകാർക്ക് മന്ത്രി നിർദേശം നൽകി.
പ്രായം ഉറപ്പാക്കിയ ശേഷമേ മദ്യം നൽകാവൂ. ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ലൈസൻസുകാരുടെ ഉത്തരവാദിത്വമാണ്. പ്രായപരിധി പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽനിന്ന് വ്യത്യസ്തമായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ നയമെന്നും എം. ലിജു കൂട്ടിച്ചേർത്തു.