നെയ്യാറ്റിൻകര: വീട്ടിലേക്കു വരുന്നതിനിടെ റോഡിൽ മാർഗ തടസം സൃഷ്ടിച്ചതു ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. യുവാവ് സഞ്ചരിച്ച കാർ തീവച്ചു പൂർണമായും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാരായമുട്ടം പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകത്തായിരുന്നു നാടകീയ സംഭവം. വീട്ടിലേക്ക് വാഹനത്തിൽ വരികയായിരുന്ന പ്രദീപ്, ഇതിനിടെ നടുറോഡിൽ നിന്നവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു. അവർ അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതോടെ പ്രദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12 മുറിവുകളുണ്ട്. പലതും ആഴമേറിയ മുറിവുകളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിനിടെ റോഡിലെ ബഹളം കേട്ട് എത്തിയ ബന്ധുക്കളാണ് പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടെന്നും പോലീസ് പറഞ്ഞു. പ്രദീപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. കാർ പൂർണമായും കത്തിനശിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് ആക്രമണമെന്നും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.