BREAKING NEWS

കെഎസ്ആർടിസിയുടെ 665 ബസുകൾ കട്ടപ്പുറത്ത്; 15 വർഷം പിന്നിട്ടത് 1,914, വിവരാവകാശ രേഖയിൽ ഞെട്ടിക്കുന്ന കണക്കുകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ട് വിവരാവകാശ രേഖ. സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ കൈവശമുള്ള ആകെ 5,755 ബസുകളിൽ 665 എണ്ണവും വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്നാണ് സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. വിവരാവകാശ അപേക്ഷകനായ മുഹമ്മദ് അഷറഫ് എ.എസിന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് വിശദാംശങ്ങൾ.

കെഎസ്ആർടിസിയുടെ കൈവശമുള്ള ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി വിഭാഗത്തിലാണ്. 2,988 ഓർഡിനറി ബസുകളാണ് ആകെയുള്ളത്. അതേസമയം സിഎഫ് റിപ്പയർ, അപകടത്തെ തുടർന്നുള്ള അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി 665 ബസുകളാണ് സർവീസ് നടത്താനാകാതെ കിടക്കുന്നത്.

കട്ടപ്പുറത്തുള്ള ബസുകളിൽ 281 എണ്ണം ഓർഡിനറി ബസുകളാണ്. 58 ജെഎൻഎൻയുആർഎം നോൺ-എസി ബസുകളും 50 ഫാസ്റ്റ് പാസഞ്ചർ ബസുകളും അറ്റകുറ്റപ്പണികൾക്കായി കിടക്കുന്നു. ഇതിന് പുറമെ ഏഴ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലുമാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ കാലപ്പഴക്കവും രേഖകൾ വ്യക്തമാക്കുന്നുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള 1,914 ബസുകളാണ് നിലവിലുള്ളത്. ഇതിൽ 1,892 എണ്ണം ഓർഡിനറി ബസുകളും 22 എണ്ണം ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളുമാണ്.

കാലപ്പഴക്കം ചെന്നതും കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതുമായ ബസുകൾ കേന്ദ്ര, മേഖലാ വർക്ക്ഷോപ്പുകൾ വഴി വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.എസ്.ടി.സി മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്.

നിലവിൽ 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ഇതോടെ സർവീസിന് ഉപയോഗിക്കാവുന്ന ബസുകളുടെ എണ്ണത്തിലും കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ പരിപാലനച്ചെലവിലും കെഎസ്ആർടിസി നേരിടുന്ന വെല്ലുവിളി വ്യക്തമാകുകയാണ്.

അതേസമയം, കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകളും വിവരാവകാശ രേഖയിലുണ്ട്. സിഎജി ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 മാർച്ച് 31-ലെ ബാലൻസ് ഷീറ്റ് അനുസരിച്ച് കെഎസ്ആർടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണ്. 2,01,57,07,66,549.65 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിപ്പോകളിൽ നിന്നും സബ് ഡിപ്പോകളിൽ നിന്നുമുള്ള വാടകയിനത്തിലുള്ള വരുമാനം സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ നേരിട്ടെത്തി പരിശോധിക്കാമെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ എണ്ണം, കട്ടപ്പുറത്തുള്ള വാഹനങ്ങൾ, കാലപ്പഴക്കം, സ്ക്രാപ്പ് നടപടികൾ, സാമ്പത്തിക ബാധ്യത എന്നിവ സംബന്ധിച്ച കണക്കുകൾ കെഎസ്ആർടിസിയുടെ നിലവിലെ പ്രവർത്തന സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026