കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. നികേഷിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. സമരമുഖത്ത് അടുത്തുകഴിഞ്ഞാൽ കമ്മിഷണറുടെ പൊടിപോലും കാണില്ലെന്നായിരുന്നു നികേഷിന്റെ ഭീഷണിയെന്നാണ് പൊലീസ് പറയുന്നത്.
‘ഷൗക്കത്തലി വന്നാൽ എല്ലാം ശരിയാക്കുമെന്നാണ് അറിയിച്ചത്. ഏത് അലി വന്നാലും ഡിവൈഎഫ്ഐക്ക് കണക്കാണ് നെയിം ബോർഡ് ഇല്ലാതെ വീട്ടിൽ കയറിയാൽ ഏതു പൊലീസുകാരനാണെങ്കിലും കണ്ണടിച്ചു പൊട്ടിക്കും’–എം.കെ.നികേഷ്കുമാർ പറഞ്ഞു
ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വെള്ളിയാഴ്ച രാത്രി ഭീഷണിയുണ്ടായത്. സമരത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പൊലീസുകാരുടെ മുഖത്തടിക്കുമെന്നും ജില്ലാ പൊലീസ് മേധാവിയുടെ പൊടിപോലും കാണില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് കേസ്. പൊലീസിന്റെ മനോവീര്യം തകർക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
സംഭവത്തിൽ കൂടുതൽ പരിശോധനകളും തുടർനടപടികളും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.





