കോവളം: പുളളിമാന്റെ തോലുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. വളളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ(31), വെങ്ങാനൂർ ചരുവിള അനന്തുഭവനിൽ അനന്തു(23) എന്നിവരെയാണ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം ഗോകുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുളളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു. അപകട സ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒയുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയോടെ അപകടത്തിൽ മുഖത്ത് പരുക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സ തേടി.
സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പളളി റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലതെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാൻതോലും കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹ്യത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു. ജഗതിയിലെ ഒരുവീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിലാണ് മാൻതോൽ കണ്ടത്. കൗതുകത്തെ തുടർന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്കൂട്ടറിനുളളിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് അനന്തു നൽകിയ മൊഴി. സംഭവത്തിൽ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപളളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോൾ, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.