തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പണത്തിന് കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരം. പീഡനവിവരം പുറത്തുപറഞ്ഞതിന് പിന്നാലെ ഇളയമ്മ ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയായ മലയാളി ജീവനക്കാരനാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചതെന്നാണ് വിവരം.
ചെന്നൈയിലും പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിക്കാലത്തുതന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടി പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽനിന്ന് പിടിയിലായ പെൺകുട്ടിയുടെ ഇളയമ്മയെയും ഇവരുടെ ഭർത്താവിനെയും തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
നാഗലക്ഷി, ഗോപി എന്നിവരടക്കം രണ്ട് സ്പാ ഉടമകളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചതിന് പിന്നിൽ ആരൊക്കെയാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
അതേസമയം, സ്പാകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് പങ്കുണ്ടെന്ന സംശയത്തിലും അന്വേഷണം ആരംഭിച്ചു. ഇയാളുടെ അക്കൗണ്ടുകളിലേക്ക് സ്പാകളിൽനിന്ന് പണം കൈമാറിയിരുന്നതായി സൂചനയുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളത്തെ സ്പായിലെ സ്ഥിരം സന്ദർശകനുമാണ് ഇയാളെന്നും വിവരമുണ്ട്. എന്നാൽ, ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.
കേസിന്റെ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സൈബർ വിദഗ്ധരും സംഘത്തിലുണ്ട്. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് സംശയിക്കുന്നവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതിക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിവിധ സ്ഥലങ്ങളിൽ നടന്നതായി പറയുന്ന സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.