കൊണ്ടോട്ടി: വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കിൽ കയറിയ കൊണ്ടോട്ടി സ്വദേശിക്ക് 3,89,496 രൂപ നഷ്ടമായി. നമ്പോലൻകുന്ന് സ്വദേശിയായ 41കാരനാണ് സൈബർ തട്ടിപ്പിനിരയായത്.
കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് അറിയിച്ചുള്ള സന്ദേശം ഫോണിലെത്തിയത്. ഓൺലൈനായി പിഴ അടയ്ക്കാനുള്ള ലിങ്കും സന്ദേശത്തിലുണ്ടായിരുന്നു. ലിങ്കിൽ കയറി പരിശോധിച്ചപ്പോൾ പരിവാഹൻ ആപ്പ് തുറന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. നമ്പർ നൽകിയതിനു പിന്നാലെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പത്തുതവണകളിലായി 3,89,496 രൂപ പിൻവലിക്കുകയായിരുന്നു.
സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.