കൊല്ലം: ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സായയുടെ (26) മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിന് ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തിനു പിന്നാലെ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.
മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ ഒക്ടോബർ 31ന് രാത്രി 8.30ഓടെയാണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻതന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സായയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഭർത്താവിനോട് സ്നേഹം മാത്രമാണുള്ളതെന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്.
പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞ് നാലുവർഷമായിരുന്നു.