കൊല്ലം: ശൂരനാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ ശേഷം ബസിൽ മറന്നുവച്ച ചെരുപ്പെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. ബസിൽ നിന്ന് ഇറങ്ങിവരവേ അതിവേഗത്തിലെത്തിയ കാർ ആഹിലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവ സമയം കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: അസ്ന, അമൽ.