തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
പെൻഷൻ പ്രായം ഉയർത്തണമെന്ന ശുപാർശ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം പരസ്പരം താരതമ്യം ചെയ്തല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയിൽ വ്യക്തമാക്കി.