തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ കാലത്ത് എക്സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. അതിവേഗം ലൈസൻസ് നൽകിയതിൽ ബാഹ്യ ഇടപെടലെന്ന് വിവരം മന്ത്രിക്ക് കിട്ടിയതിൻറ അടിസ്ഥാനത്തിലാണ് നീക്കം. എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയർ വൈൻ പാർലറുകളുടെ ബാർ ലൈസൻസ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസൻസായി. പാലായിൽ സെപ്തംബർ അവസാനമാണ് ബാർ ലൈസൻസിനായി അപേക്ഷ നൽകിയത്. ഒക്ടോബർ മൂന്നിന് ലൈസൻസ് കിട്ടി. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സർക്കാരിൻറെ കാലത്ത് മൂന്ന് ബാർ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.
മാത്രമല്ല 2014 ൽ ബാർ പൂട്ടിപ്പോയ ശേഷം ബിയർ വൈൻ പാർലറുകൾ നടത്തിയിരുന്നവയാണ് ഇത്. മൂന്ന് സ്റ്റാർ ഹോട്ടലായി ഉയർത്തിയിട്ടുണ്ടെങ്കിൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടഭേദഗതി 2017 ൽ ഇടതു സർക്കാർ കൊണ്ടുവന്നിരുന്നു. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാം. പുതിയ നയം തീരുമാനിക്കാനിരിക്കെ സർക്കാർ അറിയാതെ ലൈസൻസ് കൊടുത്ത ഡെപ്യൂട്ടി കമ്മീഷണർമാരായ പി കെ സതീഷ്, ഷിബു പി എൽ എന്നിവരെ സസ്പെൻഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ ഉൾപ്പടെ ഇടപെടലിലാണ് അതിവേഗം ലൈസൻസ് പുതുക്കിയതിൽ എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണ സാധ്യത തേടുന്നത്.