കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ ലീഗിനെതിരെ വീണ്ടും വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്ത്. ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നതെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പരിഹസിച്ചു.
ഇരു സമസ്തകളെയും കബളിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. സമസ്തകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു. സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്. ഇവർക്ക് വഴങ്ങരുതായിരുന്നു എന്നും എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
അതേസമയം ലീഗ് നേതൃത്വം ഇന്ന് വൈകിട്ട് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്ഐആർ, എഫ്സിആർഎ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ സമന്വയം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നാണ് സാദിഖലി തങ്ങൾ മതസംഘടനകൾക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ വഖഫ് ബോർഡ് പുനഃസംഘടനയിൽ എതിർപ്പുയർത്തുന്ന കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.