കൊച്ചി: ആരോപണ വിധേയരായ വിദ്യാർഥികൾ മാപ്പെഴുതി കൊടുത്താൽ സസ്പെൻഷൻ പിൻവലിക്കാമെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തള്ളി വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. കെ.വി. അഭിജിത്ത്, അർച്ചന, പി.എം. അശ്വന്ത് എന്നിവർ സമരം ആരംഭിച്ചിട്ടുള്ളത്. സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികളിൽ 12 പേരുടെ സസ്പെൻഷൻ മാപ്പപേക്ഷ നൽകിയാൽ പിൻവലിക്കാമെന്നും നാലു പേരുടെ സസ്പെൻഷൻ രണ്ടു മാസം കൂടി നീട്ടാനുമാണ് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചത്.
എന്നാൽ തങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. അതേസമയം സസ്പെൻഷനിലായ വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാല സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇന്നു ഉച്ചയ്ക്ക് 2 മണിക്ക് വിധി പറയും.
അതേപോലെ വൈസ് ചാൻസലർ സിസ തോമസിന്റെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നുവെന്നും വി.സിയെ ശാരീരികമായി ആക്രമിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് യോഗം ഏക്യകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും യോഗശേഷം സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കി. 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് സർവകലാശാല നിയോഗിച്ച അച്ചടക്ക സമിതി കണ്ടെത്തി. വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി ഇനി അക്രമ സമരങ്ങളിൽ പങ്കെടുക്കില്ലെന്ന് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും. അഭിജിത്, ശ്യാംജിത്, ശ്രദ്ധ, അർച്ചന എന്നീ വിദ്യാർഥികൾ സസ്പെൻഷൻ സമയത്തും സർവകലാശാലയിൽ പ്രവേശിച്ച് അച്ചടക്ക ലംഘനം തുടർന്നു എന്നതിനാൽ ഇവരുടെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടിയെന്നും സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു.
അതേസമയം സർവകലാശാലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിനെ തുടർന്ന് 60 ദിവസത്തിലധികമായി 16 വിദ്യാർഥികൾ സസ്പെൻഷനിൽ തുടരുകയാണ്. ഇതിനിടെയാണ്, വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഒക്ടോബർ 30ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ വി.സി അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വി.സിയുടെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ചതടക്കം ഗുരുതരമായ അച്ചടക്കലംഘനങ്ങളാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഓഗസ്റ്റ് 13ലെ സമരത്തെത്തുടർന്നുള്ള സംഘർഷത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് സർവകലാശാലയുടെ വാദം. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ 80 ശതമാനം ഹാജർ നിർബന്ധമാണെങ്കിലും സസ്പെൻഷനിലിലുള്ള വിദ്യാർഥികൾക്ക് മതിയായ ഹാജരില്ല. സൂപ്പർ ഫൈനോടുകൂടി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞ മാസം 23ന് അവസാനിച്ചതാണെന്നും സമയപരിധി കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാതിരുന്ന ഇവരുടെ ഹാജർ നില പരിശോധിക്കാതെയാണ് പരീക്ഷാനുമതി നൽകിയതെന്നും സർവകലാശാല നൽകിയ അപ്പീലിൽ പറഞ്ഞു.
പക്ഷെ സർവകലാശാലയുടെ വാദങ്ങൾ വിദ്യാർഥികളും എസ്എഫ്ഐയും തള്ളി. സസ്പെൻഷൻ സമയത്തും പല വിദ്യാർഥികൾക്കും ആവശ്യത്തിന് ഹാജർനില ഉണ്ടായിരുന്നുവെന്നും സസ്പെൻഷൻ നടപടികൾ നീണ്ടുപോകുന്നത് ഹാജറിനെ ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അധികൃതർ അന്വേഷണം വൈകിപ്പിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തിൽ വി.സി ഇടപെട്ട് മറ്റൊരു കേസ് കൂടി എടുപ്പിക്കുകയായിരുന്നുവെന്നും ഒരേ സംഭവത്തിൽ എങ്ങനെയാണ് രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയുകയെന്നും വിദ്യാർഥികൾ ചോദിക്കുന്നു. ജയിലിൽ കഴിയുന്നവർക്ക് വരെ പരീക്ഷയെഴുതാൻ അനുമതി ലഭിക്കുമ്പോൾ സർവകലാശാല ഇങ്ങനെ പ്രതികാരബുദ്ധിയോടെ പെരുമാറുന്നത് ശരിയല്ലെന്ന് വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സിംഗിൾ ബെഞ്ച് പരീക്ഷ ഫീസ് സ്വീകരിക്കാൻ നിർദേശിച്ചിട്ടും രജിസ്ട്രേഷൻ തടയുകയായിരുന്നു എന്നും വിദ്യാർഥികൾ അരോപിച്ചു.