ഇസ്‌ഫഹാൻ: ഇറാനിൽ ജനുവരി മാസത്തിലെ സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 25കാരൻ അലിറേസ സെപാഹിയെ തൂക്കിലേറ്റി. മാസങ്ങളായി വധശിക്ഷ ഭയന്ന് കഴിഞ്ഞിരുന്ന സെപാഹി, മരണത്തിന് തൊട്ടുമുമ്പാണ് പ്രതിശ്രുതവധുവായ 22കാരി മഹ്ഷാദ് കഷാനിയെ വിവാഹം കഴിച്ചത്. പിന്നാലെ ഒക്ടോബർ അഞ്ചിന് ഇസ്‌ഫഹാനിയുടെ വധശിക്ഷ നടപ്പാക്കി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെപാഹിക്ക് ജൂലൈയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് തിരിച്ചയച്ചതോടെ ഓരോ ദിവസവും വധശിക്ഷ ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് യുഎൻ ഇറാനിലെ മനുഷ്യാവകാശ വിഷയങ്ങളിലെ പ്രത്യേക റിപ്പോർട്ടർ മായ് സാറ്റോ പറഞ്ഞു.
ജനുവരി എട്ടിന് ഇസ്‌ഫഹാനിലെ അലിഖാനി സ്ക്വയറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് സെപാഹിയെയും 21കാരനായ അലിറേസ റഈസിയെയും വധിച്ചത്. പ്രതിഷേധത്തിനിടെ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ പറയുന്നു. സായുധ സംഘത്തിൽ അംഗത്വം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.
നോർവേ ആസ്ഥാനമായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 34 പേരെയാണ് ഇറാൻ വധിച്ചിരിക്കുന്നത്. ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട അടിച്ചമർത്തൽ നടപടികളിലൂടെയാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും ഇതിനൊപ്പം രാജ്യവ്യാപക ഇന്റർനെറ്റ് തടസ്സവും ഉണ്ടായിരുന്നെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
കേസിൽ ഗുരുതര നടപടിക്രമ വീഴ്ചകളെന്ന് ആരോപണം
ജനുവരി 10നാണ് സെപാഹിയെ അറസ്റ്റ് ചെയ്തത്. അമ്മയെയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അമ്മ ഇപ്പോഴും ജയിലിൽ അഞ്ച് വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. സെപാഹിക്കെതിരായ കേസിൽ ഗുരുതരമായ നടപടിക്രമ വീഴ്ചകളുണ്ടായിരുന്നുവെന്ന് യുഎസ് ആസ്ഥാനമായ അബ്ദൊറഹ്മാൻ ബൊറൂമണ്ട് സെന്റർ ആരോപിച്ചു. പ്രതിഭാഗം സമർപ്പിച്ച തെളിവുകൾ അവഗണിച്ചതും ഇതിൽ ഉൾപ്പെടുന്നു. സംഭവസമയത്ത് സെപാഹി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പോലും ഉണ്ടായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനയുടെ വാദം.
ഈ കേസിൽ സെപാഹി ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 19ന് രണ്ടുപേരെ ജയിലിൽ വധിച്ചു. ജൂലൈ 28ന് അലിഖാനി സ്ക്വയറിൽ സെപാഹിയെയും ബന്ധുവായ അബോൾഫസൽ ഉൾപ്പെടെ മറ്റ് രണ്ടുപേരെയും പരസ്യമായി തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാൽ വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് സെപാഹിക്ക് ഹൃദയാഘാതമുണ്ടായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മറ്റ് രണ്ട് പേരുടെ പരസ്യ വധശിക്ഷ പിന്നീട് നടപ്പാക്കിയെങ്കിലും സെപാഹിയുടെ ശിക്ഷ മാറ്റിവെക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. ഒടുവിൽ ഒക്ടോബർ അഞ്ചിന് ശിക്ഷ നടപ്പാക്കുകയായിരുന്നു.
മരണത്തിന് മുൻപ് ടെലിഫോൺ വഴി വിവാഹം
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതിശ്രുതവധുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു സെപാഹിയുടെ അവസാന ആഗ്രഹങ്ങളിലൊന്ന്. ഇസ്‌ഫഹാനിലെ മറ്റൊരു ജയിലിൽ തടവിലായിരുന്ന മഹ്ഷാദ് കഷാനിയുമായി അഭിഭാഷകൻ ടെലിഫോൺ വഴി ഓഡിയോ കോൾ സംഘടിപ്പിച്ചു.
അഭിഭാഷകന്റെ സാന്നിധ്യത്തിൽ മതപരമായ വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള വാക്കുകൾ ഇരുവരും ചൊല്ലി. ഇരുവരുടെയും പിതാക്കന്മാരും വിവാഹത്തിന് അനുമതി നൽകിയതായി മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട ഓഡിയോ റെക്കോർഡിൽ പറയുന്നു. മഹർ ആയി വിശുദ്ധ ഖുർആന്റെ ഒരു പകർപ്പ്, ഒരു കഷണം റോക്ക് കാൻഡി, ഒരു ചുവന്ന റോസ് എന്നിവ നിശ്ചയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ജയിലധികൃതർ ഇരുവർക്കും നേരിൽ കാണാൻ അനുമതി നൽകിയില്ല.
വിവാഹം വധശിക്ഷ വൈകിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ അഭിഭാഷകർക്ക് ഉണ്ടായിരുന്നുവെങ്കിലും, പ്രതിശ്രുതവധു തടവുകാരന്റെ ബന്ധുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ നേരിട്ടുള്ള വിവാഹച്ചടങ്ങിന് അനുമതി നൽകിയില്ലെന്ന് അബ്ദൊറഹ്മാൻ ബൊറൂമണ്ട് സെന്റർ സഹസ്ഥാപക റോയ ബൊറൂമണ്ട് പറഞ്ഞു. നിയമപരമായ വിവാഹനടപടി നടന്നെങ്കിലും ഇരുവരും ഒരേ സ്ഥലത്ത് സന്നിഹിതരായിരുന്നില്ല. അതിനാൽ ഇരുവരും അഭാവത്തിൽ വിവാഹിതരായെന്നായിരുന്നു വിശദീകരണം.
വധശിക്ഷയ്ക്ക് ശേഷവും സെപാഹിയുടെ കുടുംബത്തിന്റെ ദുരിതം അവസാനിച്ചില്ലെന്ന് യുഎൻ പ്രതിനിധി സാറ്റോ പറഞ്ഞു. ഇസ്‌ഫഹാനിൽ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് കൈമാറാതെ ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കാഷാനിലേക്ക് മൃതദേഹം മാറ്റിയതായും അവർ വ്യക്തമാക്കി.





