ജറുസലേം: ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ സേനയിലെ സൈനികർക്കിടയിൽ ആത്മഹത്യാനിരക്ക് ആശങ്കാജനകമായി ഉയരുന്നതായി റിപ്പോർട്ട്. ടെൽ അവീവിലെ വസതിയിൽ ഞായറാഴ്ച ഒരു സൈനികൻ ജീവനൊടുക്കിയതോടെ, 2026ൽ ഇതുവരെ സജീവ സർവീസിലിരിക്കെ ജീവനൊടുക്കിയ സൈനികരുടെ എണ്ണം 21 ആയതായി ഇസ്രയേലി ദിനപത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഔദ്യോഗിക കണക്കുകൾ പ്രതിസന്ധിയുടെ പൂർണചിത്രം നൽകുന്നില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സജീവ സർവീസിൽ ഇല്ലാത്ത സൈനികരുടെ മരണങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ല. യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ചെങ്കിലും നിലവിൽ സൈനികസേവനത്തിൽ തുടരാത്ത 16 പേരെങ്കിലും ഈ വർഷം ജീവനൊടുക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്ന് ആരംഭിച്ച യുദ്ധത്തിനും പിന്നാലെയാണ് സൈനികർക്കിടയിലെ ആത്മഹത്യകൾ വർധിച്ചത്. 2023ൽ ഏഴുപേരും 2024ൽ 21 പേരും 2025ൽ 22 പേരും സജീവ സൈനികസേവനത്തിലിരിക്കെ ജീവനൊടുക്കിയെന്നാണ് കണക്കുകൾ. 2025ലെ കണക്ക് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിസർവ് സൈനികർ ഉൾപ്പെടെ പതിനായിരക്കണക്കിന് പേരെ ദീർഘകാലത്തേക്ക് സൈനികസേവനത്തിനായി തിരിച്ചുവിളിച്ചതും യുദ്ധമുന്നണിയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും സൈനികരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുദ്ധമുഖത്തെ ഭീകരമായ അനുഭവങ്ങൾ നേരിട്ടവരിൽ പലരും മാനസിക പ്രതിസന്ധി നേരിടുന്നതായാണ് വിലയിരുത്തൽ.
യുദ്ധത്തിനിടെ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നത് നേരിൽ കാണേണ്ടിവരുന്നതും സൈനികരിൽ കടുത്ത ധാർമിക സംഘർഷത്തിനും കുറ്റബോധത്തിനും കാരണമാകുന്നതായി മനഃശാസ്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗാസയിൽ ബുൾഡോസർ ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചശേഷം ജീവനൊടുക്കിയ എലിരാൻ മിസ്രാഹിയുടെ അനുഭവവും ഈ സാഹചര്യത്തിൽ ചർച്ചയാകുന്നു. യുദ്ധമുന്നണിയിൽ നേരിട്ട അനുഭവങ്ങളും ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള കുറ്റബോധവും ചില സൈനികരെ മാനസികമായി ഒറ്റപ്പെടുത്തുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.