ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറി ഷോറൂമിൽനിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള നിശാന്തിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.
മോഷണത്തിന് മുൻപ് ഉപഭോക്താവെന്ന വ്യാജേന നിശാന്ത് മൂന്നുതവണ ജ്വല്ലറിയിലെത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട് ഉൾപ്പെടെ പരിശോധിച്ചെങ്കിലും മോഷ്ടിച്ച സ്വർണം കണ്ടെത്താനായില്ല. മൂന്ന് തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണ് എത്തിയതെങ്കിലും ഒരേ തൊപ്പിയായിരുന്നു ഉപയോഗിച്ചിരുന്നത്. നവംബർ അഞ്ചിന് പുലർച്ചെ ഇയാൾ ജ്വല്ലറിയിലെത്തിയത് മോഷണത്തിനുള്ള മുന്നൊരുക്കമായ ട്രയൽ റണ്ണിനായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
മധുരയിലെ പാലങ്കാനത്തം ബൈപ്പാസ് റോഡിലുള്ള തനിഷ്കിന്റെ പുതുതായി ആരംഭിച്ച ഷോറൂമിൽനിന്നാണ് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയത്. വയറിങ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ നടന്നുവരുന്ന ഷോറൂമിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി അകത്തുകയറിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
മോഷണം പോയ ആഭരണങ്ങളെല്ലാം പ്രദർശനത്തിനായി വെച്ചിരുന്നവയാണ്. ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ബൈപ്പാസ് റോഡിലെ ഔട്ട്ലെറ്റിൽ മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.
ഏതാനും ആഴ്ചകൾക്കുമുൻപാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമാണപ്രവൃത്തികൾ തുടരുന്നുണ്ട്. പുറത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.