ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്കായി എത്തിയപ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടതെന്നാണ് വിവരം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
തലക്കുളം ഉൾപ്പെടുന്ന ബി.എൽ. റാം പ്രദേശം സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണ്. ചിന്നക്കനാലിൽ കാട്ടാനയാക്രമണം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് ബി.എൽ. റാം. കഴിഞ്ഞ 20 വർഷത്തിനിടെ ഈ മേഖലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ നാൽപ്പതോളം പേർ മരിച്ചതായാണ് കണക്ക്.






