തൃശൂർ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും താൻ അന്വേഷണ ഏജൻസിയല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നും അച്ചടക്ക നടപടി സ്വീകരിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘‘രാഹുൽ ഒളിവിൽ കഴിയുന്നതിനെ പറ്റി എനിക്ക് അറിയില്ല. ഞാൻ അന്വേഷണ ഏജൻസിയല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. നിയമത്തിന്റെ വഴികൾ സ്വീകരിക്കാൻ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്നതിനെ പറ്റി തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്’’– സണ്ണി ജോസഫ് പറഞ്ഞു.
‘‘കേരളത്തിലെ ജനങ്ങളെ ഏറെ ബാധിക്കുന്നതും അലട്ടുന്നതുമായ വിഷയം ശബരിമലയിലെ സ്വർണമോഷണമാണ്. കോടതിയുടെ ഇടപെടൽ ഉണ്ടായി, പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടു പോലും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനോ പ്രമുഖരായ പ്രതികളിലേക്ക് എത്താനോ കഴിയിഞ്ഞിട്ടില്ല. പിടിക്കപ്പെട്ടവരിൽ സിപിഎം ഉന്നത നേതാക്കളുണ്ട്. ജയിലിൽ കഴിയുന്ന സിപിഎം നേതാക്കളെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്നു.






