ഹൈദരാബാദ്: ഭർത്താവ് വീട്ടിൽ പുറത്തുനിന്ന് പൂട്ടിയിട്ടശേഷം സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ പരാതി. മ്യാൻമർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും ഇയാളുടെ മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സംഭവത്തിൽ നാലുപേർക്കെതിരെ ബലാത്സംഗം, അന്യായമായി തടങ്കലിൽ വെക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
ഒക്ടോബർ 23ന് വാടക കുടിശ്ശിക വാങ്ങാനായി വീട്ടുടമ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ വീട്ടുടമ പൂട്ട് തകർത്തു അകത്തുകടക്കുകയായിരുന്നു. ഇതോടെയാണ് വീട്ടിനുള്ളിൽ കുടുങ്ങിക്കിടന്ന യുവതിക്ക് പുറത്തുകടക്കാൻ കഴിഞ്ഞത്.
യുവതി നൽകിയ പരാതിപ്രകാരം, ബംഗ്ലാദേശിലെ കോക്സ് ബസാറിൽ താമസിക്കുമ്പോഴാണ് മുഹമ്മദ് ഫയാസിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ഫയാസ്, കുടുംബത്തെ അറിയിക്കാതെ യുവതിയെ മെയ് മാസത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് പരാതി. ഹൈദരാബാദിലെത്തിയതിന് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇരുവരും വിവാഹിതരായി.
വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം ഫയാസ് തന്റെ മൂന്ന് സുഹൃത്തുക്കളായ അഹമ്മദ് മുജീബ്, നൂർ കമാൽ, സിയാ ഉർ റഹ്മാൻ എന്നിവരെ വാടകവീട്ടിൽ താമസിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇവരും മ്യാൻമർ സ്വദേശികളും ഹൈദരാബാദിൽ താമസിക്കുന്നവരുമാണെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
തുടർന്ന് ഫയാസ് വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയശേഷം പുറത്തുപോകുകയും സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് അയക്കുകയും ചെയ്യുമായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഈ സമയങ്ങളിൽ മൂന്ന് പേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇവരിൽ രണ്ടുപേർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഭയവും അനിശ്ചിതത്വവും എവിടെ സഹായം തേടണമെന്നറിയാത്ത സാഹചര്യവും കാരണം നേരത്തേ പരാതി നൽകാൻ കഴിഞ്ഞില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. ഒക്ടോബർ 23ന് വാടക കുടിശ്ശിക വാങ്ങാനെത്തിയ വീട്ടുടമയാണ് പുറത്തുനിന്ന് പൂട്ടിയിട്ടിരുന്ന വീട് തുറന്നത്. പുറത്തുകടന്ന യുവതി മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെട്ടു. തുടർന്ന് ബന്ധുവിന്റെ വീട്ടിലേക്ക് മാറി.
ഒക്ടോബർ 26ന് ഒരു ബന്ധു യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവായ മുഹമ്മദ് ഫയാസ് ഉൾപ്പെടെ നാലുപേർക്കെതിരെ ബലാത്സംഗം, അന്യായമായി തടങ്കലിൽ വെക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.