വടകര: പോക്സോ കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിൽ നാസറിന്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിനെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസ്സുകാരി പെൺകുട്ടിയെ, കടയുടെ ഉടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്നാണ് പരാതി. വീടിനോട് ചേർന്ന് കട നടത്തുകയാണ് നാസർ.