മലപ്പുറം/ദുബായ്: ഫുജൈറയിൽ ട്രക്കിനു പിന്നിൽ കാറിടിച്ച് എആർ നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറയിൽ കോടതിയുടെ മുന്നിൽ വെച്ച് ട്രക്കിൻ്റെ പിന്നിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇന്ന് പുലർച്ചെ 2ന് ഫുജൈറയിൽ ഇവർ സഞ്ചരിച്ച വണ്ടി ട്രെയിലറിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ആറ് വണ്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. സിദ്ദീഖ് ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചു പോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്.
സിദ്ദിഖിൻറെ ഭാര്യയും മൂത്ത മകളും അവരുടെ രണ്ടു കുട്ടികളും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.