കൊല്ലം: പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലംഗ സംഘം പിടിയിൽ. ഇളമാട് കോട്ടയ്ക്കവിള സ്വദേശി ജോണി (59)യെയാണ് സംഘം വീട്ടിൽ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നവവധുവിന്റെ ബന്ധു ഉൾപ്പെട്ട സംഘമാണ് യുവാവിനെ തിരക്കി ജോണിയുടെ വീട്ടിലെത്തിയത്. എന്നാൽ യുവാവിനെ വീട്ടിൽ കണ്ടെത്താനായില്ല. ഇതോടെ അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് പൂയപ്പള്ളി പോലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.