ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ നിർണായക നേട്ടമായി ബ്രഹ്‌മോസ് മിസൈൽ. ആഗോള വിപണിയിൽ ബ്രഹ്‌മോസിന് വലിയ ആവശ്യകത ഉയരുകയാണെന്നും മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി 600 മില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള തന്ത്രപ്രധാന പ്രതിരോധ സംവിധാനമെന്ന നിലയിൽ ബ്രഹ്‌മോസ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ പ്രധാന ഘടകമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്‌മോസ് യുദ്ധമുഖത്ത് ഉപയോഗപ്രാപ്തി തെളിയിച്ചെന്നും സുഖോയ് യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കാവുന്ന എയർ-ലോഞ്ച് പതിപ്പും വലിയ വിജയമാണെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള സ്ട്രാറ്റജിക് സംവിധാനമെന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രഹ്‌മോസിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായാണ് ബ്രഹ്‌മോസ് കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറുകളും ധാരണകളും പ്രധാനമായും ഉള്ളത്. ഫിലിപ്പീൻസിന് ഏകദേശം 330 മില്യൺ ഡോളർ മൂല്യമുള്ള ബ്രഹ്‌മോസ് സംവിധാനങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ട്. വിയറ്റ്നാമിലേക്കുള്ള ആദ്യഘട്ട കയറ്റുമതി ഏകദേശം 100 മില്യൺ ഡോളറിന്റേതും ഇന്തോനേഷ്യയുമായുള്ള ഇടപാട് ഏകദേശം 200 മില്യൺ ഡോളറിന്റേതുമാകുമെന്നാണ് റിപ്പോർട്ടുകൾ.
ബ്രഹ്‌മോസിനൊപ്പം അസ്ത്ര മിസൈലുകളും ഉൾപ്പെടുന്ന പ്രതിരോധ ഇടപാടുകളാണ് ഇന്തോനേഷ്യയുമായി പരിഗണിക്കുന്നത്. യു.എ.ഇ ഉൾപ്പെടെ മറ്റ് രാജ്യങ്ങളും ബ്രഹ്‌മോസ് വാങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. ബ്രഹ്‌മോസ് എയ്റോസ്പേസ് ആണ് മിസൈൽ സംവിധാനം നിർമിക്കുന്നത്. കര, കടൽ, ആകാശം എന്നീ പ്ലാറ്റ്ഫോമുകളിൽനിന്ന് വിക്ഷേപിക്കാവുന്ന സംവിധാനമാണിത്.
അതേസമയം, ഇന്ത്യയുടെ മൊത്തം പ്രതിരോധ കയറ്റുമതിയും റെക്കോർഡ് ഉയരത്തിലാണ്. 2025-26 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 23,622 കോടി രൂപയെ അപേക്ഷിച്ച് 14,802 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ശതമാനത്തിൽ 62.66 ശതമാനമാണ് വർധന. ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾ നിലവിൽ 80-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ബ്രഹ്‌മോസിന് പുറമെ ആകാശ് സർഫസ്-ടു-എയർ മിസൈൽ, ആർട്ടിലറി ഗണ്ണുകൾ, ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മറ്റ് പ്രതിരോധ ഉൽപ്പന്നങ്ങൾക്കും വിദേശ വിപണിയിൽ ആവശ്യകത വർധിക്കുകയാണ്.
മേയർ സ്ഥാനം നൽകിയില്ല, നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ, പ്രതിസന്ധിയിലായി ബിജെപി






