ടെൽആവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച സഹ പൈലറ്റിൻറെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ അപ്രത്യക്ഷം. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മമി (29)യാണ് മച്ഛാറിനെ ആക്രമിച്ചതെന്നും വിമാനത്തിൻറെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
അതേസമയം സ്ത്രീകൾ, മതം, സ്ത്രീ–പുരുഷ തൊഴിലിടങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം ഹമ്മമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.വിവാഹത്തിന് ശേഷവും നിഖാബ് ധരിച്ച് മാത്രം പുറത്തിറങ്ങാനും ജോലിക്ക് പോകാതെ വീടിനുള്ളിലിരിക്കാനും തയാറുള്ള പെൺകുട്ടിയെ കണ്ടെത്താൻ പ്രയാസമാണെന്ന് ഇയാൾ എക്സിൽ കുറിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. മറ്റൊരു പോസ്റ്റിൽ പുരുഷൻമാരുള്ള സ്ഥലത്ത് സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതെന്തിനാണെന്നും ഇത്തരം ചുറ്റുപാടുകളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണമെന്നും കുറിച്ചിരുന്നു.
അതുപോലെ 2021 നും 2022 നും ഇടയിൽ 3000ത്തോളം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതായി എഐ മോഡലിൻറെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വിമാനത്തിൻറെ നിയന്ത്രണം ഹമ്മിമി കൈക്കലാക്കാൻ ശ്രമിച്ചതിന് പിന്നിൽ ഭീകരബന്ധമുണ്ടോയെന്നതിലടക്കം അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയാകുന്നത്. ഹമ്മിമിയുടെ പിതാവ് ഒമാൻ പൗരനും അമ്മ സിറിയക്കാരിയുമാണ്. 2022 ഫെബ്രുവരിയിൽ തനിക്കൊരു പങ്കാളിയെ തിരഞ്ഞ് അമ്മ മടുത്തുവെന്നും വിവാഹശേഷം നിഖാബ് ധരിക്കണമെന്നും, ജോലിക്ക് പോകരുതെന്നും താൻ ഒരു പൈലറ്റാണെന്നും പറഞ്ഞതോടെ പലരും വിവാഹാലോചനയിൽ നിന്ന് പിൻമാറിയെന്ന് ഹമ്മിമി ട്വീറ്റ് ചെയ്തിരുന്നു.
മാത്രമല്ല തീവ്ര നിലപാടുകളുടെ പേരിൽ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ ഹമ്മിമിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ലഭിക്കും മുൻപ് ഏഴ് വർഷമാണ് ഹമ്മിമി ഒമാൻ എയറിൽ പൈലറ്റായിരുന്നത്. സ്വഭാവത്തിലെ പ്രകടമായ മാറ്റത്തെ തുടർന്നായിരുന്നു നടപടി. ഇതോടെ സിറിയയിലേക്ക് ഹമ്മിമി കടന്നുവെന്നും അവിടെ വച്ച് കൂടുതൽ തീവ്ര ചിന്താഗതിക്കാരുമായി അടുത്തുവെന്നുമാണ് നിലവിൽ പുറത്തുവന്ന വാർത്തകൾ. ആറു മാസം മുൻപാണ് ഹമ്മിമി ഫ്ലൈ ദുബായ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചത്.
അതേസമയം സംഭവത്തിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ബുധനാഴ്ച പ്രൊഫൈലിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ നേരത്തെ ഷെഡ്യൂൾ ചെയ്തതാണോ അതോ മറ്റാരെങ്കിലും അപ്‌ലോഡ് ചെയ്തതാണോ എന്നത് വ്യക്തമല്ല. ആദ്യ പോസ്റ്റിൽ ബോയിങ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്നുള്ള നിരവധി വീഡിയോകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് വിമാനവും ബോയിങ് 737 മാക്സ് ആയിരുന്നു.
വീഡിയോയുടെ അവസാനം അൽഖായിദ മുൻ നേതാവ് ഒസാമ ബിൻ ലാദന്റെ മരണശേഷം സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത അയ്മൻ അൽ സവാഹിരിയുടെയും 2009ൽ അഫ്ഗാനിസ്ഥാനിലെ സിഐഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അൽ-ബലാവി അൽഖായിദയോട് കൂറു പുലർത്തിയിരുന്നയാളായിരുന്നു.
രണ്ടാമത്തെ പോസ്റ്റിൽ ഇസ്ലാമിന്റെ മൂന്ന് പ്രധാന പുണ്യസ്ഥലങ്ങളായ മക്ക, മദീന, ജറുസലേം എന്നിവ ഉൾപ്പെടുത്തിയ എഐ നിർമിത ചിത്രം ഉണ്ടായിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പശ്ചാത്തലത്തിൽ മുഴങ്ങിയ കവിതയിൽ അപമാനം അംഗീകരിക്കില്ലെന്നും മരണത്തെ ഭയപ്പെടില്ലെന്നും സ്വന്തം അഭിമാനത്തിനായി നിലകൊള്ളുമെന്നും പറയുന്ന വരികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് എഫ്‌സെഡ്1073 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ വെച്ച് കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന് രക്തസ്രാവമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി. വിമാനം താഴേക്ക് പോകുകയാണെന്ന് മനസിലാക്കിയ മച്ച്ഛർ ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.
വിമാനം താഴേക്ക് പോകുന്നത് താൻ മനസിലാക്കിയെന്നും നിലത്ത് വീണിരുന്നെങ്കിലും കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞെന്നും മച്ച്ഛർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാതിൽ തുറന്നതോടെ യാത്രക്കാർ കോക്പിറ്റിലേക്ക് പ്രവേശിച്ച് പ്രതിയെ കീഴ്പ്പെടുത്താൻ സഹായിച്ചു. 182 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട്. വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച് യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് വിവരം ലഭിച്ച വൃത്തങ്ങളെ ഉദ്ധരിച്ച്, വിമാനം ഇസ്രയേലിലെത്തിച്ചി തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
പ്രതിക്ക് ഇസ്ലാമിക തീവ്രവാദവൽക്കരണം സംഭവിച്ചിരുന്നുവെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. മറ്റാരെങ്കിലും ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക അന്വേഷണം തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ അഭ്യർഥന പ്രകാരം ടെൽ അവീവ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചു.




