ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമെതിരെ ഡൽഹി പോലീസ് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും പേരുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംപിമാരും നേതാക്കളും ഉൾപ്പെടെ 91 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പങ്കും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുനഃപരിശോധന നടപടിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഇൻഡ്യാ സഖ്യത്തിലെ നേതാക്കൾ ആരോപിക്കുകയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ജന്തർ മന്തറിലേക്ക് ധർണയ്ക്കായി ബസിൽ പോകുന്നതിനിടെയാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്. ജൻപഥിലെ ഒരു ദക്ഷിണേന്ത്യൻ റസ്റ്റോറന്റിൽ ഉച്ചഭക്ഷണ യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാക്കൾ ബസിൽ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. പോലീസ് തടഞ്ഞതോടെ പ്രതിഷേധം ശക്തമായി. പ്രിയങ്ക ഗാന്ധിയും മറ്റ് നിരവധി വനിതാ നേതാക്കളും ഭരണഘടനയുടെ പകർപ്പുകൾ കൈയിൽ പിടിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ഇവരെ റോഡിൽനിന്ന് നീക്കി ബസുകളിൽ കയറ്റി കൊണ്ടുപോയി. ഇതിനിടെ പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കോൺഗ്രസിന് പുറമെ തൃണമൂൽ കോൺഗ്രസ് (TMC), സിപിഐ(എം), സിപിഐ, ആർജെഡി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) തുടങ്ങിയ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.




