ഷൊർണൂർ (പാലക്കാട്): വിവാഹവാഗ്ദാനം നൽകി മുംബൈ സ്വദേശിനിയിൽനിന്ന് 43 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ പട്ടാമ്പി സ്വദേശി അറസ്റ്റിൽ. മേലേ പട്ടാമ്പി ആലിക്കൽ മുഹമ്മദ് അമീറിനെയാണ് (45) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. സുഹൃത്ത് വഴിയാണ് മുഹമ്മദ് അമീറിനെ യുവതി പരിചയപ്പെട്ടത്. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ വീണ്ടും ബന്ധം സ്ഥാപിച്ച അമീർ വിവാഹവാഗ്ദാനം നൽകിയെന്നും തുടർന്ന് ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് പരാതിയിലെ ആരോപണം.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഷൊർണൂർ പൊലീസ് മുഹമ്മദ് അമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




