തിരുവനന്തപുരം: കോവളത്തെ സ്പായിൽ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരിക്ക് 20 വയസ്സായെന്ന് വരുത്തിത്തീർക്കാൻ സ്പായിൽ പിറന്നാൾ ആഘോഷം നടത്തിയതായി പൊലീസ് കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയായ സജിത്തിന്റെ സ്പായിൽവച്ചായിരുന്നു ആഘോഷം. പെൺകുട്ടിയുടെ ഇളയമ്മയും കേസിലെ പ്രതിയുമായ നാഗലക്ഷ്മിയാണ് ഇക്കാര്യം പൊലീസിന് മൊഴി നൽകിയത്.
ഇടനിലക്കാരിയായ കൃഷ്ണവേണിയുടെ സഹായത്തോടെയാണ് നാഗലക്ഷ്മിയും സംഘവും പെൺകുട്ടിയെ ബെംഗളൂരുവിൽനിന്ന് കോവളത്തെത്തിച്ചത്. മറ്റുള്ളവരെ പെൺകുട്ടിക്ക് 20 വയസ്സായെന്ന് വിശ്വസിപ്പിക്കാനായിരുന്നു പിറന്നാൾ ആഘോഷിച്ചത്. പെൺകുട്ടിയുടെ പ്രായം 16ൽനിന്ന് 20 ആക്കി തിരുത്തിയ വ്യാജ ആധാർ കാർഡ് നിർമിച്ചത് നാഗലക്ഷ്മിയുടെ ഭർത്താവ് ജെല്ലാഗോപിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എവിടെവച്ചാണ് ആധാറിൽ തിരുത്തൽ നടത്തിയതെന്നും ഇതിൽ സജിത്തിനും മറ്റുള്ളവർക്കും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ യഥാർഥ ആധാർ കാർഡിൽ ജനനവർഷം 2011 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് 2006 ആക്കിയാണ് വ്യാജ കാർഡ് നിർമിച്ചത്. വ്യാജരേഖ ചമച്ചതിന് നാഗലക്ഷ്മിക്കും ഭർത്താവ് ജെല്ലാഗോപിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശുചീകരണ ജോലിക്കെന്ന പേരിലാണ് പതിനാറുകാരിയെ നാഗലക്ഷ്മിയും സംഘവും സജിത്ത് കുമാറിന്റെ സ്പായിലെത്തിച്ചത്. ഇവിടെ സ്ഥിരമായി എത്തിയിരുന്ന ചിലരാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. നാഗലക്ഷ്മിയുടെ ഭർത്താവ് ജെല്ലാഗോപിക്ക് സജിത്ത് പ്രതിമാസം ഒന്നരലക്ഷം രൂപയോളം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്പായിലെത്തി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന ജെംലിൻ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്പായിലെ സ്ഥിരം സന്ദർശകരായ മറ്റു ചിലരും അന്വേഷണ പരിധിയിലുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് പെൺകുട്ടിയെ കാണിച്ച് തിരിച്ചറിയൽ നടത്താനാണ് പൊലീസിന്റെ നീക്കം. ഇവരുടെ ബാങ്ക് ഇടപാടുകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടർ അറസ്റ്റ്.
പ്രതികൾക്കെതിരെ പോക്സോയ്ക്ക് പുറമേ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറിയിച്ചു.