തിരുവനന്തപുരം: പുതിയ ബാർ ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയത് സർക്കാർ നിർദേശം മറികടന്ന്. മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി മുന്നോട്ടു പോകും. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. സ്റ്റാർ ഹോട്ടലുള്ള ബിയർ വൈൻ ലൈസൻസികൾക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഈ നിർദേശം മറികടന്ന് ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയെന്നാണ് വിവരം.
സംഭവത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളിലും വകുപ്പ് അറിയാതെ എടുക്കുന്ന തീരുമാനങ്ങളിലും മന്ത്രിക്ക് അതൃപ്തിയുണ്ട്. മാത്രമല്ല ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.