തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം രംഗത്ത്. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ പരിഹാസം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ജനീഷ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതെന്നും മന്ത്രി എന്ന നിലയിലാണ് പിന്നീട് പോസ്റ്റ് നീക്കം ചെയ്തതെന്നും ചിന്ത ജെറോം ആരോപിച്ചു. സമ്മർദം താങ്ങാൻ കഴിയാത്തതുകൊണ്ടാകാം പോസ്റ്റ് നീക്കം ചെയ്തതെന്നും മുഖ്യമന്ത്രി വിളിച്ച് സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്നും അവർ പരിഹസിച്ചു. പോസ്റ്റ് നീക്കം ചെയ്തില്ലായിരുന്നെങ്കിൽ മെറ്റയെ ഉപയോഗിച്ച് അത് നീക്കം ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം പറഞ്ഞു.
അതേസമയം, അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധങ്ങൾ അരങ്ങേറി. അമിത് ഷായ്ക്ക് മതിയായ സുരക്ഷ നൽകിയില്ലെന്ന ആരോപണവും ബിജെപി ഉന്നയിച്ചിരുന്നു. എന്നാൽ അമിത് ഷായുടെ വാഹനവ്യൂഹത്തിന് ഒരു സെക്കൻഡ് പോലും തടസ്സമുണ്ടായില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.
സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്തും രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. നെയ്യാറ്റിൻകരയിൽ മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. സംഭവത്തിൽ കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
ഇതിനിടെ തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ മുൻവശത്തെ ചില്ലുകൾ രാത്രി കല്ലേറിൽ തകർന്ന നിലയിൽ കണ്ടെത്തി. സംഭവസമയത്ത് ഓഫീസിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഓഫീസിലെ സിസിടിവി ക്യാമറകളും പ്രവർത്തിച്ചിരുന്നില്ല. സംഭവത്തിൽ ആനാവൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് പരസ്പരമുള്ള കരിങ്കൊടി പ്രതിഷേധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.




