വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവ തകർക്കാൻ പത്തു മിനിറ്റ് മതിയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വീണ്ടും ആക്രമണമുണ്ടായാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
‘‘അവരുടെ ആണവപദ്ധതികൾ നമ്മൾ തകർത്തുകഴിഞ്ഞു. ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്. പക്ഷേ അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’’– ഫ്ലോറിഡയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇറാനിലെ ഭൂഗർഭ ആണവനിലയമായ പിക്സ്ആക്സ് ഉടൻ ഇല്ലാതാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഈ ആഴ്ച ഇറാനിൽ യുഎസ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കാമെന്നായിരുന്നു പ്രതികരണം. അതേസമയം, ഇറാനുമായുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാനെ അത്ര വിശ്വസിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിയോ ഉണ്ടായാൽ അതിവേഗം തിരിച്ചടിക്കുമെന്ന് മുജ്തബ ഖമനയി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസും ഇസ്രയേലും ലക്ഷ്യമിടുന്ന പ്രദേശങ്ങളുടെ പട്ടിക എത്രയും വേഗം തയ്യാറാക്കാനും ഖമനയി ഇറാൻ സേനയ്ക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
ഇറാൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഖമനയി ചർച്ച നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഇതാദ്യമായാണ്.