തൃശൂർ: ഹോട്ടലിരുന്ന് ബിയർ കഴിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ആക്രമണം. തൃശൂരിലെ അൽമിയ റെസ്റ്റോറന്റിലാണ് സംഭവം. കോളേജ് വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ ഹോട്ടൽ മാനേജർ അനീഷിന് പരുക്കേറ്റു.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും പെൺകുട്ടിയുമാണ് പുറത്തുനിന്ന് ബിയറുമായി ഹോട്ടലിൽ എത്തിയത്. തുടർന്ന് മേശപ്പുറത്ത് ബിയർ കുപ്പികൾ തുറന്നുവെച്ച് കുടിക്കാൻ ശ്രമിച്ചപ്പോൾ മാനേജർ തടയുകയായിരുന്നു. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കി മടങ്ങിയ വിദ്യാർഥികൾ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മാനേജറെ പരുക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ ജീവനക്കാർ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.






