ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തറിലേക്ക് പ്രതിഷേധം നടത്താനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നാടകീയ രംഗങ്ങൾ. ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതും ശ്രദ്ധേയമായി.
പോലീസ് വിമാനത്തിനുള്ളിൽ പ്രവേശിച്ചതോടെ അഭിജീത് ദിപ്‌കെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയിരുന്നു. ദാസും റങ്കയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സിജെപി നേതാക്കൾ ‘ഇൻക്വിലാബ് സിന്ദാബാദ്’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.
ഏകദേശം പന്ത്രണ്ടോളം വനിതാ പോലീസ് ഉദ്യോഗസ്ഥർ നേതാക്കളെ വളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളിൽവെച്ച് തന്നെ കസ്റ്റഡിയിലെടുക്കുന്നതിനെ ദിപ്‌കെ ചോദ്യം ചെയ്തു. യാത്രക്കാരെപ്പോലെ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിച്ചശേഷം നടപടിയെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ദിപ്‌കെയെയും ദാസിനെയും റങ്കയെയും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി.
അതേസമയം വിമാനത്തിനുള്ളിൽ വനിതാ ഉദ്യോഗസ്ഥരെ മാത്രം വിന്യസിക്കാൻ പോലീസ് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പുരുഷ ഉദ്യോഗസ്ഥരെ വിന്യസിച്ചാൽ സംഘർഷമുണ്ടാകാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണക്കാക്കിയിരിക്കാമെന്നാണ് വിലയിരുത്തൽ. വിമാനത്തിനുള്ളിലെ ഇടനാഴികൾ ഇടുങ്ങിയതും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി നീങ്ങാൻ പരിമിതമായ ഇടം മാത്രമുള്ളതും സംഘർഷസാധ്യത വർധിപ്പിക്കാം. ചെറിയ തർക്കംപോലും വലിയ ബഹളത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമുള്ളതിനാൽ വനിതാ ഉദ്യോഗസ്ഥരെ വിന്യസിച്ചത് സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും പോലീസ് നടപടിക്ക് പ്രാധാന്യമുണ്ട്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്കുനേരെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയെന്ന് അന്ന് സിജെപി ആരോപിച്ചിരുന്നു. 12 വയസുള്ള പെൺകുട്ടികൾക്കുപോലും തലയ്ക്ക് പരിക്കേൽക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതായി സംഘടന അവകാശപ്പെട്ടിരുന്നു.
യുവാക്കളും ജനറേഷൻ ഇസഡ് വിഭാഗത്തിൽപ്പെട്ടവരുമാണ് സിജെപിയുടെ പ്രധാന പിന്തുണക്കാരിൽ വലിയൊരു വിഭാഗം. അതിനാൽ വനിതാ നേതാക്കളെയോ യുവാക്കളെയോ കൈകാര്യം ചെയ്യുന്നതിനിടെ പുരുഷ പോലീസുകാരുമായി സംഘർഷമുണ്ടായാൽ അത് സംഘടനയ്ക്ക് പോലീസിനെതിരെ ഉയർത്താവുന്ന മറ്റൊരു ആരോപണമായി മാറുമെന്ന ആശങ്ക അധികൃതർക്കുണ്ടായിരിക്കാമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം നടത്താനായിരുന്നു സിജെപിയുടെ തീരുമാനം. പ്രതിഷേധത്തിന് ‘ജന്തർ മന്തർ 2.0’ എന്ന പേരും സംഘടന നൽകിയിരുന്നു. എന്നാൽ, പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ഇതിനെ മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ദിപ്‌കെ തീരുമാനിച്ചതോടെയാണ് തലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ‘അധികാരപ്രയോഗത്തിലൂടെയുള്ള തടങ്കൽ’ എന്ന് വിശേഷിപ്പിച്ച് വിമർശിച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയുന്നതിനായി യൂട്യൂബർ ധ്രുവ് റാത്തിയെയും സിജെപിയുടെ നിയമവിഭാഗം മേധാവി രത്ന സിങ്ങിനെയും നേരത്തേ അവരുടെ വസതികളിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കാറിൽ ഇരിക്കുമ്പോൾ നിരവധി പോലീസ് വാഹനങ്ങൾ തന്റെ വാഹനത്തെ വളഞ്ഞതായി രത്ന സിങ് ആരോപിച്ചു.
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 400ലധികം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധം തടയുന്നതിനായി ഡൽഹിയിലും അയൽസംസ്ഥാനങ്ങളുമായുള്ള അതിർത്തികളിലും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
ഡൽഹി മെട്രോയുടെ 45 സ്റ്റേഷനുകളിലെ പ്രവേശന, പുറത്തുകടക്കൽ കവാടങ്ങൾ അടച്ചു. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തേണ്ടിയിരുന്ന 250ലധികം ട്രെയിനുകളും റദ്ദാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
വാഹനഗതാഗതം പൂർണമായി തടയുകയോ ട്രെയിനുകൾ നിർത്തിവയ്ക്കുകയോ ചെയ്യരുതെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി സർക്കാർ സംവിധാനങ്ങൾക്ക് കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് ഇത്രയും വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.
ഡൽഹിയിലുടനീളം 23,000ലധികം കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയും (സിഎപിഎഫ്) വിന്യസിച്ചു. സിജെപിയുടെ ജൂലൈയിലെ പ്രതിഷേധത്തിനിടെയും 2020-21ലെ കർഷക സമരത്തിനിടെയും ഉണ്ടായിരുന്നതിനെക്കാൾ വലിയ സുരക്ഷാ സന്നാഹമാണിതെന്നാണ് റിപ്പോർട്ട്.
പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ പോലീസ് മുൻകരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചു. ഇതുവഴി ഇത്തവണ വലിയ തോതിലുള്ള സംഘർഷവും അക്രമവും ഒഴിവാക്കാനായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അതേസമയം, പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതും നേതാക്കളെ കസ്റ്റഡിയിലെടുത്തതും വ്യാപകമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
ആരും കാണാതെ പെണ്‍കുട്ടിയുടെ വീട്ടില്‍കയറി, പിന്നാലെ തൂങ്ങിമരിച്ച് 17കാരന്‍, കൊലപാതകമെന്ന് കുടുംബം




