കണ്ണൂർ: പേരാവൂർ ഐടിഐയിൽ എബിവിപി സ്ഥാനാർത്ഥിക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്ഥാനാർത്ഥിയായ അദ്വൈതിനെ മർദ്ദിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം നവ്യ സുരേഷിന്റെ നേതൃത്വത്തിലാണ് ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി ഐടിഐ പരിസരത്ത് കൊടിതോരണങ്ങൾ കെട്ടിയശേഷം മടങ്ങുന്നതിനിടെയാണ് അദ്വൈതിന് നേരെ ഭീഷണിയുണ്ടായത്.
പ്രാദേശിക ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്വൈതിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ അദ്വൈത് ഇരിട്ടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അദ്വൈത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്നും അദ്വൈത് വ്യക്തമാക്കിയിട്ടുണ്ട്. പേരാവൂർ ഐടിഐയിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി എബിവിപി ശക്തമായ പ്രവർത്തനമാണ് നടത്തിവരുന്നത്. മുൻകാലങ്ങളിൽ എബിവിപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇത്തവണയും സജീവമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ എബിവിപി അദ്വൈതിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.