തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ല, പിണറായി അങ്ങനെ പറയുമെന്ന് താൻ വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉപനേതാവ് പദവി സിപിഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ഇത്തരം തർക്ക വിഷയങ്ങൾ തീർക്കേണ്ടത് ഉഭയ കക്ഷി ചർച്ചയിലൂടെയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഎമ്മിന് തന്നെയായിരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. താനാണ് കത്ത് കൊടുക്കേണ്ടത്. ആ കത്തിൽ സിപിഎം നേതാവിന്റെ പേരാകും ഉണ്ടാവുകയെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു ഇഞ്ചുപോലും പിന്നോട്ടുപോകാനില്ലെന്നാണ് നേരത്തെ സിപിഐ അറിയിച്ചത്. നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ, കമ്മിറ്റികളോ എൽഡിഎഫിന്റേതായി ഉണ്ടാകില്ലെന്നും അതുണ്ടാകണമെങ്കിൽ സിപിഐയുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു.






