തിരുച്ചിറപ്പള്ളി: കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെ സ്വകാര്യ പോളിടെക്നിക് കോളജ് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി തുറൈയൂരിനടുത്ത് കീരംപുരം സ്വദേശിനി സുകന്യ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാലത്തിനടിയിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുറൈയൂരിനടുത്തുള്ള കാളിപ്പെട്ടിയിലെ സ്വകാര്യ പോളിടെക്നിക് കോളജിൽ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു സുകന്യ.
ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇവർ അധ്യാപനത്തിന് പുറമെ വായ്പ നൽകുകയും ലോട്ടറി വ്യാപാരം നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. തുറൈയൂർ കണ്ണനൂർ സമതുവപുരം സ്വദേശികളായ സുമതിയും ഭർത്താവ് ദുരൈരാജും സുകന്യയിൽനിന്ന് പണം കടം വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 20ന് കടം നൽകിയ പണവും ചൂതാട്ടത്തിനായി നൽകിയ പണവും തിരികെ വാങ്ങുന്നതിനായി സുകന്യ ഇവരുടെ വീട്ടിലെത്തി.
ഇവിടെവച്ച് സുകന്യയും ദമ്പതികളും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് ദമ്പതികൾ സുകന്യയെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കാരട്ടാംപട്ടിക്ക് സമീപത്തെ പാലത്തിനടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു.





