തിരൂർ; റെയിൽവേ സ്റ്റേഷനിലൂടെ ഓടിനടക്കുന്നതിനിടെ കുഞ്ഞ് ഓടിക്കയറിയ ട്രെയിൻ രക്ഷിതാക്കളറിയും മുൻപ് സ്റ്റേഷൻ വിട്ടു. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരുടെയും ആർപിഎഫിന്റെയും കൃത്യമായ ഇടപെടലിൽ ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് രക്ഷിതാക്കളുടെ കൈകളിലേക്ക് തിരിച്ചുമെത്തി. ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസിലാണു സംഭവം. പാനൂർ സ്വദേശികളായ കുടുംബം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തലശ്ശേരിയിലേക്കുള്ള ട്രെയിൻ കാത്തിരിക്കുകയായിരുന്നു. മിഠായിക്കടലാസ് കളയാൻ അമ്മ അടുത്തുള്ള വേസ്റ്റ് ബിന്നിനരികിലേക്കു പോയ തക്കത്തിൽ കുഞ്ഞ് അടുത്ത ട്രാക്കിൽ കിടക്കുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറി. കുഞ്ഞു കയറിയ പിന്നാലെ ട്രെയിൻ പുറപ്പെടുകയും ചെയ്തു.
ഇതിനിടെ അമ്മ കുഞ്ഞിനെ കാണാതെ കരച്ചിൽ തുടങ്ങി. തുടർന്ന് സ്റ്റേഷനിലാകെ ആർപിഎഫും മറ്റുള്ളവരും തിരച്ചിലും നടത്തി. ഇതേസമയം ട്രെയിനിലെ ഡി 8 കോച്ചിലുണ്ടായിരുന്ന ടിടിഇ തൊടുപുഴ സ്വദേശി എൻ.എം. പ്രതീഷിനരികിൽ യാത്രക്കാരിലൊരാൾ വാതിലിനടുത്തുനിന്ന് കണ്ടെത്തിയ കുഞ്ഞുമായെത്തി. കാര്യങ്ങൾ ചോദിക്കുന്നതിനിടെ ട്രെയിനിലെ സീനിയർ സിസിടിസി സനൽ തോമസും സഹായത്തിനെത്തി. തുടർന്ന് ഇരുവരും ഇക്കാര്യം കമേഴ്സ്യൽ കൺട്രോളിലേക്ക് സന്ദേശമയച്ച് വിവരമറിയിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റും നടത്തി. ഇതോടെ കുഞ്ഞ് ട്രെയിനിലുണ്ടെന്ന് മനസിലായി.
തുടർന്ന് തിരൂരിലെ ആർപിഎഫിന് കുഞ്ഞിനെ കൈമാറാനുള്ള സന്ദേശം നൽകി. ട്രെയിൻ തിരൂരിലെത്തിയപ്പോൾ കുട്ടിയെ കൂട്ടാൻ തിരൂർ ആർപിഎഫ് എസ്ഐ എൽ. ബിനുവും സംഘവുമുണ്ടായിരുന്നു. പിന്നാലെ കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ കുട്ടിയുടെ രക്ഷിതാക്കൾ തിരൂരിലെത്തി. ഇവർക്ക് ബിനുവും സംഘവും കുഞ്ഞിനെ സുരക്ഷിതമായി നൽകിയതോടെ കുടുംബം തിരികെ തലശ്ശേരിയിലേക്കു തിരിച്ചു.




