നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ 6.53 മീറ്റർ ചാടി മലയാളി താരം ആൻസി സോജൻ വെള്ളി മെഡൽ നേടി. അവസാന ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.55 മീറ്റർ ചാടിയാണ് ആൻസിയെ മറികടന്ന് സ്വർണം സ്വന്തമാക്കിയത്.
മത്സരത്തിന് പിന്നാലെ തന്റെ മറ്റൊരു ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ആൻസി. തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ എന്നാണ് ആൻസി പറഞ്ഞത്.
“അദ്ദേഹത്തിൽനിന്ന് ഒരു കോൾ ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനവും മറ്റും എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് ഒരു കോൾ ലഭിച്ചാൽ ഞാൻ വളരെയധികം സന്തോഷവതിയായിരിക്കും”, ആൻസി പറഞ്ഞു.
ഏഷ്യൻ ഗെയിംസിന് മുമ്പ് തന്നെ വിജയിയോടുള്ള ആരാധന ആൻസി പ്രകടിപ്പിച്ചിരുന്നു. അന്ന് തമിഴ് സൂപ്പർതാരമായിരുന്ന വിജയിയെ അനുകരിച്ചാണ് ആൻസി ശ്രദ്ധ നേടിയത്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വനിതകളുടെ ലോങ് ജംപിൽ സ്വർണം നേടിയതിന് പിന്നാലെയായിരുന്നു ഇത്.
മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ 6.49 മീറ്റർ ചാടിയാണ് ആൻസി തുടങ്ങിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് മുന്നിലെത്തിയ ആൻസി അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ കണ്ടെത്തി. ഇതോടെ സ്വർണത്തിനുള്ള സാധ്യത ശക്തമാക്കിയെങ്കിലും അവസാന ശ്രമത്തിൽ യിങ്ഗിങ് ഹുവാങ് 6.55 മീറ്റർ ചാടി സ്വർണം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ആൻസി വെള്ളി നേടിയിരുന്നു. അന്ന് 6.63 മീറ്ററായിരുന്നു ദൂരം.
“ഈ സീസണിൽ പത്തിൽക്കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തു. സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാഹചര്യത്തിൽ ഇത്രയും ചെയ്യാനായതിൽ സന്തോഷമുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി. ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും”, ആൻസി പറഞ്ഞു.
ജപ്പാനിൽ സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞെന്നും ആൻസി നേരത്തെ പ്രതികരിച്ചിരുന്നു.




