ചങ്ങനാശേരി: ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അച്ഛനും അമ്മയുമെഴുതിയ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (59), മകൻ സവിൻ (33) എന്നിവർ വീട്ടിൽ ജീവനൊടുക്കിയത്. അച്ഛനും അമ്മയും മരിച്ചതു കൊണ്ട് സവിൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം മകൻ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മകനെ നന്നായി നോക്കണമെന്നും ബന്ധുക്കൾക്ക് എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭാര്യയും ഭർത്താവും എഴുതിയ 2 ആത്മഹത്യ കുറിപ്പുകൾ പോലീസ് കണ്ടെടുത്തു. രണ്ടിലും മകനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും നല്ല വസ്ത്രങ്ങൾ ധരിച്ചാണ് ആത്മഹത്യ ചെയ്തത്. മകന്റെ ശരീരത്തിൽ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാജുവും ഭാര്യ അനുവും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സവിൻ അടുക്കളയുടെ സമീപത്തെ വർക്ക് ഏരിയയിലാണ് തൂങ്ങിമരിച്ചത്. മാതാപിതാക്കൾ മുറിക്കുള്ളിൽ തൂങ്ങിമരിച്ചു കിടക്കുന്നതു കണ്ട സവിൻ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നുവെന്നു കരുതുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
രണ്ടു വർഷം മുൻപാണ് സവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ കുവൈത്തിൽ ജോലി ചെയ്യുകയാണ്. മരണവിവരമറിഞ്ഞ് ഇന്ന് നാട്ടിലെത്തും. സവിൻ മുൻപ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സാജു മുൻപ് കോന്നിയിൽ പലചരക്ക് വ്യാപാരം നടത്തിയിരുന്നു. ചങ്ങനാശേരി എസ്ബി കോളജിന് എതിർവശത്ത് എംസി റോഡിനു സമീപത്താണ് വീട്. മുകൾനില കോളജ് വിദ്യാർഥികൾക്ക് ഹോംസ്റ്റേയായി നൽകിയിരുന്നു. സംഭവസമയം വിദ്യാർഥികൾ നാട്ടിൽ പോയിരിക്കുകയായിരുന്നു. മൂവരുടെയും സംസ്കാരം 3ന് നടക്കും.